#

പ .വലിയനോമ്പ്

ക്രൈസ്‌തവ ജീവിതത്തിൻറെ ആത്മീയ നിറവും ,വിശുദ്ധിയും, സമാധാനവുമായ ഒരു വലിയ നോമ്പിൽ കൂടി കടന്നുപോകുവാൻ ദൈവം നമുക്ക് അവസരം നൽകിയിരിക്കുന്നു . ലോകം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം നോമ്പനുഷ്ഠിക്കുന്നത് . സാത്താനെതിരെ തോൽക്കാത്ത ആയുധമായ പ്രാർത്ഥനയും ഉപവാസവും നോമ്പിൻറെ മുഖമുദ്രയാണ്. നമുക്കുവേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയണം. 50 ദിവസം നീണ്ട ഒരു വലിയ പ്രയാണമാണ് , പോരാട്ടമാണ് നോമ്പിൽ നടത്തുന്നത് . പോരാട്ടത്തിൻറെ അന്ത്യത്തിൽ ഉയിർത്തവനായ ക്രിസ്തുവിനെ കണ്ട് തൃപ്തിയടയുവാൻ നമുക്ക് സാധിക്കണം .ക്രിസ്തുവിങ്കലേക്കുള്ള തീർത്ഥാടനമാണ് നാം നടത്തുന്നത് . ലൗകികതയിൽ നിന്നും പിൻവാങ്ങികൊണ്ട് ആത്മീയ തപസ്സിലൂടെയും, ആത്മീയ സഹനവഴികളിലൂടെയും സ്വായത്തമാക്കുന്ന ശക്തി തിന്മയെ ജയിക്കുവാനും ,നന്മയെ സ്വീകരിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു .

നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം.പാപം വിട്ടൊഴിയണം ,പാപങ്ങൾ പരിഹരിക്കപ്പെടണം. പാപപരിഹാരം എന്ന നിയോഗത്തോടൊപ്പം വിശുദ്ധീകരണം എന്ന കർമ്മം കൂടി സാധ്യമാക്കണം.സ്വയം ശുദ്ധീകരിക്കപ്പെടുന്നതുവഴി കുടുംബത്തിൻറെയും ,സഭയുടെയും ,സമൂഹത്തിൻറെയും ,ലോകത്തിന്റെയും വിശുദ്ധിയിൽ പങ്കുകാരാകുന്നു . നോമ്പിനും ഉപവാസത്തിനും ഫലമുണ്ടെന്ന് നിനുവെ നമ്മെ പഠിപ്പിക്കുന്നു .40 ദിവസം കഴിയുമ്പോൾ നിനുവെ നശിപ്പിക്കപ്പെടും(യോന 3:4 ) . ഇതുകേട്ട് രാജാവ്‌ കല്പന പുറപ്പെടുവിക്കുന്നു ,ഉപവാസം പ്രഖ്യാപിക്കുന്നു.രാജാവും ജനങ്ങളും എല്ലാം അനുതപിച്ചു പ്രാർത്ഥിക്കുന്നു,ദുർമാർഗ്ഗം ഉപേക്ഷിക്കുന്നു,പാപങ്ങൾ വിട്ടൊഴിയുന്നു . ഫലമോ ദൈവം മനസ്സുമാറ്റുന്നു.

നോമ്പുകാലം നാം എങ്ങനെ ആചരിക്കണം? അധികമായി പ്രാർത്ഥിക്കണം,കുമ്പിടണം ,ഉപവസിക്കണം,ദാനധർമ്മങ്ങൾ ചെയ്യണം ,ഭക്ഷണം വെടിയണം , മത്സ്യമാംസാദികൾ ഉപേക്ഷിക്കണം ,ത്യാഗം അനുഷ്ഠിക്കാൻ മനസ്സുണ്ടാകണം .'ശരീരം ഭക്ഷണം വെടിയുമ്പോൾ , ആത്മാവ് തിന്മകൾ വെടിയണം' . ശരിയല്ലാത്ത ജീവിത ശൈലികൾ മാറണം . ശരിയായ ആത്മീയ ജീവിത ശൈലിയിലേക്ക് നാം മാറണം .എളുപ്പമല്ല .... പോരാട്ടം ആവശ്യമാണ് . പോരാട്ടത്തിൽ വിജയം നേടണം.

ഈ നോമ്പിൽ 4 കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. (i) ശാരീരിക പ്രവണതകളുടെമേൽ വിജയം നേടുവാനുള്ള മനോബലം നേടുക
  2. (ii)മനസിനെ നിയന്ത്രിക്കുക,ദൈവത്തിങ്കലേക്ക്‌ തിരിക്കുക
  3. (iii)കൂടുതൽ പരോപകാര പ്രവർത്തികൾ ചെയ്യുക
  4. (iv)അധികമായി പ്രാർത്ഥിക്കുക - നമുക്കു വേണ്ടി സഭയ്ക്കുവേണ്ടി, ലോകത്തിനുവേണ്ടി.

പ്രതിസന്ധി നിറഞ്ഞ ഈ കാലത്തിൽ ദൈവം ലോകത്തോട് കരുണ കാണിക്കുവാൻ നമ്മുടെ പ്രാർത്ഥന സഹായകരമാകാട്ടെ. നമ്മെത്തന്നെ ദൈവസന്നിധിയിൽ താഴ്ത്തി സമർപ്പിക്കാം. നിർമ്മല മനസാഷിയോടു കൂടി നമ്മുക്ക് ദൈവത്തിങ്കലേക്കു വരാം . അവൻ നമ്മോടടുത്തു വരും . ശുബുകോനോ ശുശ്രുഷയുടെ അവസാന ഭാഗത്ത് പ്രാർത്ഥിക്കുന്നത് പോലെ ഈ നോമ്പിന്റെ ആരംഭവും ആചരണവും അവസാനവും അനുഗ്രഹമായിരിക്കട്ടെ. ഉയിർത്തവനായ ക്രിസ്തുവിനെ കണ്ട്‌ തൃപ്തിയടുവാൻ നമ്മുക്കിടയാകട്ടെ. ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • നോമ്പിന്റെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഏവർക്കും നേരുന്നു .
  • സ്നേഹപൂർവ്വം നിങ്ങളുടെ വികാരിയച്ചൻ .
  • ഫാ. തോമസ് കെ. ചാക്കോ

ക്രിസ്തുമസ് സന്ദേശം

"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം"

എല്ലാ പ്രിയപ്പെട്ട ഇടവകാംഗങ്ങൾക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.

ലോകരക്ഷകനായ യേശുക്രിസ്തുവിൻറെ തിരുജനന പിറവി നാം ആഘോഷിക്കുകയാണല്ലോ. ക്രിസ്തുമസ് സമാധാനത്തിന്റെതാണ് , സന്തോഷത്തിന്റെതാണ്, പ്രത്യാശയുടേതാണ്. മനോഹരമായ മുഹൂർത്തങ്ങൾ മനസിലും സമൂഹത്തിലും ലോകമെമ്പാടും നിറയ്ക്കുന്നതാണ് . വർണ്ണാഭമായ പ്രകാശിതമായ ആനന്ദനിർഭരമായ ലോകത്തേയാണ് നാം ക്രിസ്തുമസിൽ കാണുന്നത്. ഈ പ്രകാശപൂരിതമായ നിറച്ചാർത്തുകൾ നമ്മുടെ മനസ്സിലും നിറഞ്ഞുകവിയട്ടെ. ഈ നിറവിന്റെ കാരണഭൂതനായ മനുഷ്യപുത്രനിൽ നമുക്ക് അഭയം കണ്ടെത്തുവാൻ കഴിയണം. കോവിഡ് 19 ൻറെ വ്യാപനംമൂലം മന്ദീഭവിച്ചുപോയ, മരവിച്ചുപോയ ,നിറം മങ്ങിപ്പോയ അനുഭവങ്ങളെ,സാഹചര്യങ്ങളെ ജീവിപ്പിക്കുവാൻ, നിറം പിടിപ്പിക്കുവാൻ ക്രിസ്തുസാന്നിദ്ധ്യം നമ്മെ സഹായിക്കട്ടെ. ദൂരെ കണ്ട പ്രകാശത്തെ ലക്ഷ്യമാക്കി യാത്രചെയ്ത്, ഉണ്ണിയേശുവിനെ തങ്ങൾക്കരികിലാക്കിയ വിദ്വാൻമാരെപ്പോലെ , ക്രിസ്തു നമ്മുടെയുള്ളിലും ആകാൻ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ . ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിക്കട്ടെ .നിരാശാജനകമായ സാഹചര്യത്തിൽനിന്നും പ്രത്യാശാനിര്ഭരമായ ജീവിതത്തിലേക്ക് ഇമ്മാനുവേൽ നമ്മെ നയിക്കട്ടെ .2020 ൽ നിന്നും 2021 ലേക്ക് നാം നീങ്ങുമ്പോൾ പുതുവർഷത്തെ പ്രതീക്ഷയോടെ, പ്രത്യാശയോടെ വരവേൽക്കാം.അതിനായി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കാം .
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .
Wish You All a Happy Christmas and Prosperous New year
സ്നേഹപൂർവ്വം നിങ്ങളുടെ വികാരിയച്ചൻ .